എസി മിലാന്‍ താരം ഇബ്രാഹിമോവിച്ച് പടിയിറങ്ങി

സ്വീഡൻ്റെ എക്കാലത്തെയും ടോപ് സ്കോറർ സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ക്ലബ് എസി മിലാനിൽ നിന്നു പടിയിറങ്ങി. ഹെല്ലാസ് വെറോണയെ 3-1ന് എസി മിലാൻ തോൽപിച്ച മത്സരത്തിനു ശേഷമായിരുന്നു ഇബ്രയുടെ വിടവാങ്ങൽ ചടങ്ങ്. ഞാൻ ആദ്യം മിലാനിൽ എത്തിയപ്പോൾ നിങ്ങളെനിക്ക് സന്തോഷം പകർന്നു. രണ്ടാമത് എത്തിയപ്പോൾ നിങ്ങളെനിക്ക് സ്നേഹം തന്നു. ആരാധകർക്ക് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എക്കാലത്തും ഞാനൊരു മിലാൻ ആരാധകൻ ആയിരിക്കും. ഇപ്പോൾ ഫുട്ബാളിനോട് വിടപറയുകയാണ്, നിങ്ങളോടല്ല- അദ്ദേഹം പറഞ്ഞു.

വിവിധ ക്ലബുകൾക്കായി 819 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 493 ഗോളുകൾ നേടിയിട്ടുണ്ട്. 1999ൽ മാൽമോ എഫ്.എഫിലൂടെ കളി തുടങ്ങിയ ഇബ്രാഹിമോവിച്ച് 2001ൽ അജാക്സ് ആംസ്റ്റർഡാമിലെത്തി. ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡ്, പി.എസ്.ജി, യുവന്റസ്, ബാഴ്സലോണ, ഇന്റർ മിലാൻ, എ.സി മിലാൻ എന്നീ വമ്പൻ ക്ലബുകൾക്കായി കളത്തിലിറങ്ങി. 2011ൽ എ.സി മിലാൻ വിട്ട താരം 2020ൽ വീണ്ടും ക്ലബിനൊപ്പം ചേരുകയും കഴിഞ്ഞ സീസണിൽ അവരെ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.