എ.ഐ ക്യാമറ: പിഴ ഈടാക്കൽ തിങ്കളാഴ്ച മുതല്‍

  • IndiaGlitz, [Saturday,June 03 2023]

എ.ഐ ക്യാമറയിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കി തുടങ്ങും. പിഴയിടാക്കാനുള്ള നടപടി ഗതാഗത വകുപ്പ് പൂർത്തിയാക്കി. ക്യാമറയുടെ പ്രവർത്തനം പരിശോധിക്കുന്ന സാങ്കേതിക സമിതി ഇന്ന് സർക്കാറിന് റിപ്പോർട്ട് കൈമാറും. സംസ്ഥാനത്ത് ആകെ 726 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്‌നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളുമാണ് ഉള്ളത്.

നിയമ ലംഘനം നടന്ന് ആറ് മണിക്കുറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്‌ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും. ഏപ്രില്‍ 19നാണ് സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണം ആരംഭിച്ചത്. ആദ്യം ഘട്ടത്തില്‍ ദിനവും നാലരലക്ഷത്തോളം നിയമ ലംഘനങ്ങള്‍ ക്യാമറയില്‍ തെളിഞ്ഞെങ്കിലും പിന്നീട് കുറയുകയായിരുന്നു. അതേ സമയം എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ 5ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.