എ.എൻ. ഷംസീർ പറഞ്ഞത് ഒരു സ്പീക്കറുടെ കസേരയിലിരുന്ന് പറയാന്‍ പാടില്ലാത്തത്: ഷാഫി പറമ്പിൽ

  • IndiaGlitz, [Tuesday,March 14 2023]

ഷാഫി പറമ്പിൽ അടുത്ത തവണത്തെ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നു സ്പീക്കർ എ എൻ ഷംസീർ നിയമസഭയിൽ പരാമര്‍ശം നടത്തിയതിന് എതിരെ ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. അവനവൻ്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ ആര്‍ജവമില്ലാതിരിക്കുന്നതാണ് പരാജയമെന്ന് സ്പീക്കര്‍ തിരിച്ചറിയണം എന്നായിരുന്നു ഷാഫി പറമ്പില്‍ എം.എല്‍.എയുടെ മറുപടി. പ്രതിപക്ഷത്തിൻ്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ളയാളാണ് സ്പീക്കറെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത തവണ ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് എന്റെ പാർട്ടി തീരുമാനിക്കും. അങ്ങനെ മത്സരിപ്പിച്ചാൽ ഞാൻ ജയിക്കണോ വേണ്ടയോ എന്ന് പാലക്കാട്ടെ ജനങ്ങൾ തീരുമാനിക്കും. ഷാഫി പറമ്പിൽ ഫേസ് ബുക്ക്‌ പോസ്റ്റിലൂടെ വിശദമാക്കി. ഞങ്ങൾ കസേര തല്ലിപ്പൊളിച്ചിട്ടില്ല, കംപ്യൂട്ടർ താഴെ എറിഞ്ഞിട്ടില്ല. മൈക്ക് കേടുവരുത്തിയിട്ടില്ല. പ്രതിഷേധിച്ചിട്ടുണ്ട്. മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. പറയാനുള്ള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. സ്പീക്കറുടെ കസേരയിലിരുന്ന് പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. മോദിയും അമിത് ഷായും പിണറായിയും കൂടി ഒരുമിച്ച് ശ്രമിച്ചിട്ട് പോലും ഷാഫി ഇത്തവണ തോറ്റില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.