സ്കൂളുകളിൽ ലഹരിക്കെതിരായ ക്യാമ്പയിൻ ശക്തമാക്കും: വി ശിവന്‍കുട്ടി

  • IndiaGlitz, [Thursday,June 01 2023]

സംസ്ഥാനത്തെ സ്കൂളുകളിൽ വേനലവധി ആരംഭിക്കുന്നത് ഏപ്രിൽ ഒന്നിന് പകരം ഏപ്രിൽ ആറിനായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ അക്കാദമിക നിലവാരത്തിന് സഹായിക്കുന്ന 210 പ്രവൃത്തി ദിനങ്ങൾ ഉറപ്പാക്കുന്നതിനായാണ് പുതിയ തീരുമാനമെന്നും ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചിറയിൻകീഴ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്രവേശനോത്സവ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾക്ക് സഹായകമാകും വിധം സ്‌കൂൾ ക്യാമ്പസിനെയും ക്യാമ്പസിനകത്തെ ഭൗതിക സൗകര്യവും മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. 2309 കോടി രൂപ കിഫ്ബി ധന സഹായത്തോടെ 973 സ്‌കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ നിർമ്മിച്ചു. 1500 കോടി രൂപ ചെലവിൽ 1300 സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കി. 8 മുതൽ 12 വരെയുള്ള 45000 ക്ലാസ് മുറികൾ സാങ്കേതിക വിദ്യാ സൗഹൃദമാക്കി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബ് ഒരുക്കി. ഡിജിറ്റൽ സാങ്കേതിക വിദ്യ ധനിക ദരിദ്ര വ്യത്യാസമില്ലാതെ മുഴുവൻ കുട്ടികൾക്കും നിർഭയമായി ലഭ്യമാക്കിയ സംസ്ഥാനമായി നമ്മൾ മാറി. ലഹരിക്കെതിരായ ക്യാമ്പയിൻ വിദ്യാലയങ്ങൾ ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു. ചില സ്കൂളുകളിൽ ലഹരിയുടെ ചില പ്രശ്നങ്ങളുണ്ട്. പക്ഷേ സ്കൂളുകളിൽ മൊത്തം ലഹരിയാണെന്ന പ്രചാരണം ശരിയല്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.