ആര്യാടൻ ഷൗക്കത്ത് വിഷയം; കൂടുതൽ വ്യക്തത വേണമെന്ന് തിരുവഞ്ചൂർ

  • IndiaGlitz, [Tuesday,November 07 2023]

പലസ്തീൻ ഐക്യദാർഢ്യ റാലിയുമായി ബന്ധപ്പെട്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെതിരെ ഉടൻ നടപടി ഉണ്ടാകില്ലെന്ന് അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിവാദത്തിൽ കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വേണമെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം എട്ടിന് അച്ചടക്ക സമിതി വീണ്ടും ചേർന്ന് മലപ്പുറത്തെ കൂടുതൽ നേതാക്കളെ കേൾക്കും. ആര്യാടൻ ഷൗക്കത്ത് സമിതിക്ക് ഒരു കത്ത് തന്നു. അതിന് രഹസ്യസ്വഭാവമുണ്ട്. കുറച്ച് ആളുകളെ കൂടി കേൾക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം ആര്യാടൻ ഷൗക്കത്തിനായി വെറുതെ വെള്ളം വച്ച്‌ കാത്തിരിക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിപിഎം അടുത്ത കാലത്ത് തൊട്ടതെല്ലാം കുഴപ്പത്തില്‍ ചാടുന്ന സ്ഥിതിയാണ്. യുഡിഎഫിലും കോണ്‍ഗ്രസിലും ആരെയും ഉന്നംവച്ച്‌ സിപിഎം ഒരു കളിക്കും പോകണ്ട. നാശത്തിലേ കലാശിക്കൂ. മനോഹരമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാനാണ് സിപിഎം ശ്രമം. അതിലൊന്നും വീഴുന്ന കുട്ടികളല്ല ഞങ്ങള്‍. സിപിഎം വളരെ കഷ്ടപ്പെട്ട് ക്ഷണിച്ചു കൊണ്ടു പോയ കെവി തോമസിൻ്റെ അവസ്ഥ എന്താണെന്നും അദ്ദേഹം ചോദിച്ചു.