ഇരട്ട ഗോൾ നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിനയ്‌ക്കെതിരേ പോര്‍ച്ചുഗലിനു വേണ്ടി ഇരട്ട ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ. 2023 ൽ ഏറ്റവും അധികം ഗോൾ നേടിയ ഫുട്ബോളർ എന്ന നേട്ടവും ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബോസ്നിയയെ റൊണാൾഡോയും സംഘവും തറപറ്റിച്ചത്.

യൂറോ കപ്പ് യോഗ്യത റൗണ്ടിൽ എട്ട് മത്സരങ്ങളിൽ എട്ടും ജയിച്ച് 24 പോയിന്റുമായി ഗ്രൂപ്പ് ജെ യിൽ ഒന്നാം സ്ഥാനം തുടരുകയാണ്. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ റൊണാൾഡോയിലൂടെ പോർച്ചുഗൽ ലീഡെടുത്തു. ബോസ്നിയൻ താരത്തിൻ്റെ ഹാൻഡ് ബോളിലൂടെ ലഭിച്ച പെനാൽറ്റി റോണാൾഡോ ഗോളാക്കി മാറ്റുകയായിരുന്നു. 20ാം മിനിറ്റിൽ റൊണാൾഡോയിലൂടെ തന്നെ ലീഡ് ഉയർത്തി. പോർച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ റോണാൾഡോയുടെ 127ാമത്തെ അന്താരാഷ്ട്ര ഗോളായിരുന്നു അത്. 25ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിൻ്റെ തകർപ്പൻ ഗോളിലൂടെ പോർച്ചുഗൽ മൂന്ന് ഗോളിൻ്റെ ലീഡ് നേടി(3-0).