അഞ്ജുശ്രീയുടെ മരണം: അണുബാധയെ തുടര്‍ന്നുള്ള ഹൃദയസ്തംഭനം മൂലം

  • IndiaGlitz, [Monday,January 09 2023]

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൂടാതെ മഞ്ഞപ്പിത്തം പിടിപെട്ടിരുന്നതായും ശരീരത്തിൽ കണ്ടെത്തിയ വിഷം ഭക്ഷണത്തിൽ നിന്നുള്ളതല്ലെന്നും എന്നാൽ ഈ വിഷമാണ് കരളിൻ്റെ പ്രവർത്തനത്തെ ബാധിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

അഞ്ജുശ്രീയുടെ മരണം സംഭവിച്ചത് ആന്തരികാവയവങ്ങള്‍ക്കേറ്റ അണുബാധയെ തുടര്‍ന്നുള്ള ഹൃദയസ്തംഭനം മൂലമാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ പ്രാഥമിക നിഗമനം. എന്നാൽ അണുബാധയുണ്ടാവുകയും അത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്തത് എന്തു കൊണ്ടാണെന്നു വ്യക്തമാകണമെങ്കില്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ഉള്‍പ്പെടെയുള്ള ടെസ്റ്റുകൾ നടത്തിയ ശേഷം വിശദമായ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരേണ്ടതുണ്ട് എന്നും എസ്പി വൈഭവ് സക്സേന പറഞ്ഞു. പെൺകുട്ടിയുടെ മരണം ആത്മഹത്യയാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 31 ന് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത കാസർകോട് സ്വദേശി അഞ്ജുശ്രീ (19) ശനിയാഴ്ച രാവിലെയാണ് മാംഗ്ളൂരുവിലെ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ഭക്ഷ്യ വിഷബാധയേറ്റാണ് മരണമെന്നു കരുതി ഹോട്ടലുടമയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.