'സാധനം എടുക്ക്' എന്ന് പറഞ്ഞ് കടന്നു കയറി പരിശോധന: പരാതി നൽകി സംവിധായകൻ

  • IndiaGlitz, [Wednesday,June 07 2023]

വ്യാജ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസുകാർ എന്ന് പറഞ്ഞ് എത്തിയ സംഘം താമസ സ്ഥലത്ത് കടന്ന് കയറി പരിശോധിച്ചെന്ന് സംവിധായകൻ നജീം കോയ. അടിവസ്ത്രം അടക്കം പരിശോധിച്ചു. സാധനം എടുക്ക് എന്ന് പറഞ്ഞു കൊണ്ടിരുന്നു. എന്ത് സാധനമാണ് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അത് ഞങ്ങള്‍ തപ്പിക്കൊളളാം എന്ന് പറഞ്ഞു രണ്ട് മണിക്കൂറോളം പരിശോധിച്ചു. അവര്‍ എന്തെങ്കിലും റൂമില്‍ വെച്ച് തന്നെ പെടുത്തുമോ എന്നുളള ടെന്‍ഷന്‍ ഉണ്ടായിരുന്നു. അത് കാരണം അവര്‍ മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതിന് അനുസരിച്ച് താനും മാറിക്കൊണ്ടിരുന്നു, നജീം കോയ പറയുന്നു.

സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി എം.ബി.രാജേഷിനും സിനിമ സംഘടനകൾക്കും നജീം പരാതി നൽകി. ഒടുവിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി ഒപ്പിട്ടു തന്ന ശേഷമാണു സംഘം മടങ്ങിയതെന്നും നജീം പറഞ്ഞു. ഒടിടി വെബ് സീരീസിൻ്റെ ഷൂട്ടിങ്ങിനായാണ് കോട്ടയം ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ നജീമും സംഘവും തങ്ങുന്നത്. 70 ദിവസത്തെ ഷൂട്ടിങ്ങ് ബാക്കി നിൽക്കെയാണ് സംഭവം. അപൂർവരാഗം, ടു കൺട്രീസ്, ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ കൃത്തും കളി എന്ന ചിത്രത്തിൻ്റെ സംവിധായകനുമാണ് നജീം കോയ.