വേദനയായി വന്ദന; സംസ്കാരം ഇന്നു 2നു വീട്ടുവളപ്പിൽ

  • IndiaGlitz, [Thursday,May 11 2023]

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കവെ ​കുത്തേറ്റു കൊല്ലപ്പെട്ട വന്ദനയുടെ സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിൽ നടക്കും. നിരവധി പേരാണ് വന്ദനയെ അവസാനമായി ഒരു നോക്കു കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിന് അന്ത്യമോപചാരമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് എത്തി. വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലാണ് മന്ത്രിയെത്തിയത്. വന്ദനയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും മന്ത്രി ആശ്വസിപ്പിച്ചു. ഡോക്ടർ വന്ദനയുടെ കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്.

കൊലപാതകവും അക്രമവും അടക്കം ആശുപത്രിയിലെ സംഭവങ്ങളെല്ലാം നടന്നത് 20 മിനിട്ടിനുള്ളിലായിരുന്നു. പുലർച്ചെ 4:41 നാണ് സന്ദീപുമായി പൊലിസ് ആശുപത്രിയിൽ എത്തുന്നത്. പിന്നാലെ ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെ ദൃശ്യങ്ങൾ സന്ദീപ് വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലർച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷ വീഴ്ചയില്ലെന്ന് പോലീസ് വിലയിരുത്തി. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത് എന്നും ആശുപത്രിയിൽ എത്തിക്കുന്നതുവരെ പ്രകോപനം ഇല്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹൻദാസിൻ്റെയും വസന്തകുമാരിയുടെയും ഏക മകളാണ്.