തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കില്‍ തീപിടുത്തം; ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് ദാരുണാന്ത്യം

  • IndiaGlitz, [Tuesday,May 23 2023]

തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിന് തീപിടിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ രഞ്ജിത്ത് (32) ആണ് മരിച്ചത്. തീ അണയ്ക്കുന്നതിനിടെ കോൺക്രീറ്റ് ഭിത്തി ശരീരത്തിൽ പതിക്കുകയായിരുന്നു. പുലർച്ചെ 1:30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു കോടി 23 ലക്ഷം രൂപയുടെ കെമിക്കലുകൾ കത്തി നശിച്ചു.

ബ്ലീച്ചിംഗ് പൗഡറിന് തീ പിടിച്ചതാണ് അപകട കാരണം. ഇത് മറ്റ് രാസ വസ്തുക്കളിലേക്കും പടർന്ന് പിടിക്കുകയായിരുന്നു. മരുന്നുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടരാത്തതിനാൽ മരുന്നുകൾ സുരക്ഷിതമാണ്. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. അപകടം നടക്കുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. ഏറെ നേരം പണിപ്പെട്ടാണ് രഞ്ജിത്തിനെ തീയ്ക്കുള്ളിൽ നിന്നും രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും മൃതദേഹം പൊതുദർശനത്തിന് വെക്കും.