കേരള സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേർന്ന് നിർമ്മിച്ച 'ബി 32 മുതൽ 44 വരെ' യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • IndiaGlitz, [Wednesday,March 08 2023]

കേരള സർക്കാറിൻ്റെ സാംസ്കാരിക വകുപ്പും കെ.എസ്.എഫ്.ഡി.സിയും ചേർന്ന് നിർമ്മിച്ച 'ബി 32 മുതൽ 44 വരെ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറങ്ങി. മാധ്യമ, സിനിമ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ സ്ത്രീകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ ഷെയർ ചെയ്തു. ശ്രുതി ശരണ്യം രചനയും സംവിധാനവും നിർമ്മിച്ച ചിത്രം സ്ത്രീകളുടെ ശരീര രാഷ്ട്രീയത്തെ മുഖ്യധാരാ ശൈലിയിൽ അവതരിപ്പിക്കുന്നു. രമ്യാ നമ്പീശൻ, അനാർക്കലി മരയ്ക്കാർ, സെറിൻ ഷിഹാബ്, അശ്വതി ബി, നവഗതയായ റെയ്ന രാധാകൃഷ്ണൻ എന്നിവർ ചേർന്ന് തികച്ചും വിഭിന്നമായ പശ്ചാത്തലങ്ങളുള്ള ആറ് പെൺ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, രമ്യാ സുവി, സജിത മഠത്തിൽ, ജീബിൻ ഗോപിനാഥ്, നീന ചെറിയാൻ, സിദ്ധാർത്ഥ് വർമ്മ, അനന്ത് ജിജോ ആന്റണി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുദീപ് എളമൺ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് സുദീപ് പാലനാടാണ്. മഹേഷ് നാരായണൻ്റെ സൂപ്പർ വിഷനിൽ ചിത്രസംയോജനം നിർവഹിച്ചത് രാഹുൽ രാധാകൃഷ്ണൻ. ദുന്ദു രഞ്ജീവ് കലാ സംവിധാനവും, മിട്ട എം.സി. മേക്കപ്പും, അർച്ചനാ വാസുദേവ് കാസ്റ്റിംഗും, രമ്യ സർവ്വദാ ദാസ് മുഖ്യ സംവിധാന സഹായവും, അഞ്ജന ഗോപിനാഥ് നിശ്ചലഛായാഗ്രഹണവും നിർവഹിച്ചു. സൗമ്യ വിദ്യാധർ സബ്ടൈറ്റിൽസും സ്റ്റോറിസ് സോഷ്യലിൻ്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്യൂണിക്കേഷൻ സംഗീതാ ജനചന്ദ്രനും നിർവ്വഹിക്കുന്നു. സംസ്ഥാന സർക്കാറിൻ്റെ സ്ത്രീശാക്തീകരണ പദ്ധതിയായ സ്ത്രീകളുടെ സിനിമ എന്ന ആശയത്തോട് നൂറുശതമാനവും നീതി പുലർത്തിക്കൊണ്ട് ഒരുപറ്റം സ്ത്രീകളെ ഈ ചിത്രത്തിൻ്റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നതാണ് 'ബി 32 മുതൽ 44 വരെ'യുടെ വിജയമെന്ന് സംവിധായിക ശ്രുതി ശരണ്യം പറഞ്ഞു.