ലോക കപ്പിലെ മുഴുവൻ ശമ്പളവും അഫ്ഗാനിലെ ദുരന്ത ബാധിതർക്ക്: റാഷിദ് ഖാൻ

അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ ദുരന്ത ബാധിതർക്ക് സഹായ ഹസ്തവുമായി അഫ്​ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. ഏകദിന ലോക കപ്പിൽ തനിക്ക് ലഭിക്കുന്ന മുഴുവൻ ശമ്പളവും ദുരന്ത ബാധിതർക്ക് നൽകുമെന്ന് താരം അറിയിച്ചു. എക്സിലൂടെയാണ് (ട്വിറ്റർ) റാഷിദിൻ്റെ പ്രഖ്യാപനം. കൂടാതെ സഹായത്തിന് വേണ്ടി വലിയൊരു കാമ്പെയിന്‍ തന്നെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാന്‍ ജനതയെ പിന്തുണയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാമ്പെയിനില്‍ പങ്കാളികളാകാമെന്നും താരം പറഞ്ഞു. ശനിയാഴ്ച പകൽ 12.19നാണ് അഫ്​ഗാനിസ്ഥാനിൽ ആദ്യചലനം റിപ്പോർട്ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് നാശം വിതച്ചത്. 2,053 പേർ മരിച്ചെന്നും 9,240 പേർക്ക് പരിക്കേറ്റെന്നുമാണ് നിലവിലെ കണക്ക്. റാഷിദ് ഖാൻ ഇപ്പോള്‍ ഇന്ത്യയില്‍ ലോക കപ്പ് ടീമിനൊപ്പമാണ്.