'ലിയോ': വിതരണാവകാശം സ്വന്തമാക്കാൻ ഗോകുലം ഗോപാലൻ

  • IndiaGlitz, [Friday,June 02 2023]

ദളപതി വിജയ്, ലോകേഷ് കനകരാജ് എന്നിവർ ഒന്നിക്കുന്ന ലിയോ എന്ന ചിത്രത്തിന് വൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ചിത്രം 2023 പൂജ അവധികളോടനുബന്ധിച്ച് ഒക്ടോബർ 19ന് റിലീസിനെത്തും. തുടക്കം മുതൽ തന്നെ കേരളത്തിലെ വിതരണ അവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണ അവകാശത്തിനായി മത്സരിച്ചിരുന്നത്. ഏറ്റവും ഒടുവിലെ വിവര പ്രകാരം കൂടുതൽ തുകയുമായി മുന്നിൽ നിൽക്കുന്നത് ഗോകുലം ഗോപാലനാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാവും കേരളത്തിൽ ലിയോ പ്രദർശനത്തിന് എത്തിക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന ലിയോ ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ലിയോ ഒരുങ്ങുന്നത്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിർ അഭിനയിക്കുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തുന്നു. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ അഭിനയിക്കുന്നു. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൻ്റെ കേരളത്തിലെ വൻ വിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലന്റെ അടുത്ത ചിത്രം 'ലിയോ' ആകാനുള്ള സാധ്യതകൾ ഏറെയാണ്. അന്യ ഭാഷയിലെ പ്രമുഖ ചിത്രങ്ങൾ കേരളത്തിൽ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. ലൈക്ക പ്രൊഡക്ഷൻസിൻ്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്, അതു കൊണ്ട് തന്നെ ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹസൻ ചിത്രം ഇൻഡ്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാദ്ധ്യത.

More News