ഇളയരാജയ്ക്കിന്ന് 80–ാം പിറന്നാൾ

  • IndiaGlitz, [Friday,June 02 2023]

തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി ഇളയരാജയ്ക്കിന്ന് 80–ാം പിറന്നാൾ. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ നേരിട്ട് എത്തിയാണ് ആശംസകള്‍ അറിയിച്ചത്. കമല്‍ഹാസന്‍ ഉള്‍പ്പടെ നിരവധി സിനിമാ താരങ്ങൾ ആശംസകൾ അറിയിച്ചു. മുപ്പതു വർഷത്തെ തൻ്റെ സംഗീത ജീവിതത്തിനിടയിൽ വിവിധ ഇന്ത്യൻ ഭാഷകളിലായി ഏതാണ്ട് 4500 ഗാനങ്ങൾക്ക് സംഗീത സം‌വിധാനം നിർ‌വഹിച്ചിട്ടുള്ള ഇദ്ദേഹം ഏതാണ്ട് 800 ചലച്ചിത്രങ്ങൾക്ക് പിന്നണി സംഗീതം ഒരുക്കിയിട്ടുണ്ട്.

1976 ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീത സംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നത്. അതിലെ 6 പാട്ടുകളും ഹിറ്റായി. ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി ബിബിസി തിരഞ്ഞെടുത്തതിൽ ദളപതിക്ക് വേണ്ടി ഇളയരാജ ഈണമിട്ട ‘രാക്കമ്മ കയ്യേ തട്ട്’ എന്ന ഗാനം ഉണ്ടായതിൽ ഇന്ത്യാക്കാർക്ക് ഒന്നാകെ അഭിമാനിക്കാവുന്നതായി. 1943 ജൂൺ 2 ന് രാമസ്വാമിയുടേയും ചിന്നത്തായുടേയും മകനായാണ് ഇളയരാജ ജനിച്ചത്. പതിനാലാം വയസ്സിൽ ജ്യേഷ്ഠനായ പാവലർ വരദരാജൻ നയിച്ചിരുന്ന പാവലാർ ബ്രദേഴ്സിൽ ഗായകനായാണ് അരങ്ങേറ്റം. നാടൻ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി കോർത്തിണക്കിയ രാജ സ്റ്റൈൽ തമിഴകത്തിന് പുറത്തേക്കും ഭാഷാതീതമായി സഞ്ചരിച്ചു. നാല് തവണ ഭാരത സർക്കാരിൻ്റെ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നു തവണ മികച്ച സംഗീത സംവിധാനത്തിനും, ഒരു തവണ മികച്ച പശ്ചാത്തല സംഗീതത്തിനുമായിരുന്നു. ഭാരത സർക്കാർ നല്കുന്ന പത്മഭൂഷൺ പുരസ്കാരത്തിനും ഇളയരാജ അർഹനായിട്ടുണ്ട്.