ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം

ലോകകപ്പിൽ തുടര്‍ച്ചയായ നാലാം വിജയം കുറിച്ച് ഇന്ത്യ. ബംഗ്ലാദേശിനെ ഇന്ത്യ ഏഴ് വിക്കറ്റിനു വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടി. ജയത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 41.3 ഓവറിൽ 261 റണ്‍സെടുത്തു ലക്ഷ്യം കണ്ടു.

വിരാട് കോലിയാണ് സെഞ്ച്വറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. രോഹിത് ശര്‍മയും, ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്കായി മികച്ച തുടക്കമാണ് രോഹിത് ശര്‍മ(48)യും ശുഭ്മാന്‍ ഗില്ലും(53) ചേര്‍ന്ന് നല്‍കിയത്. 12.4 ഓവറില്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 88 റണ്‍സടിച്ചു. രോഹിത്തായിരുന്നു കൂടുതല്‍ ആക്രമിച്ച് കളിച്ചത്. 40 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കമാണ് രോഹിത് ശര്‍മ 48 റണ്‍സടിച്ചത്. ഓപണർമാരായ തൻസിദ് ഹസൻ (51), ലിറ്റൺ ദാസ് (66) എന്നിവരുടെ മികവിൽ വിക്കറ്റു പോവാതെ 93 റൺസിലെത്തിയിരുന്ന ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 256 റൺസെടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജദേജ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് രണ്ട് വിക്കറ്റ് നേടി. ന്യൂസിലാണ്ടിനൊപ്പം 8 പോയിന്റ് നേടിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.