പാകിസ്താൻ ടീമിന് വിസ അനുവദിച്ച് ഇന്ത്യ

2023 ലോക കപ്പിൽ പങ്കെടുക്കുന്നതിനായി പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് വിസ അനുവദിച്ച് ഇന്ത്യ. ലോക കപ്പിനായി ഇന്ത്യയിലേക്ക് തിരിക്കുന്നതിന് 11 മണിക്കൂര്‍ മുന്‍പ് മാത്രമാണ് വിസ അനുവദിച്ചത്. ലോക കപ്പിലെ ചില ടീമുകള്‍ ഇതിനോടകം ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ടീമിന് വിസ വൈകുന്നതുമായി ബന്ധപ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയ്ക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ഇസ്‍ലാമാബാദിലെ ഇന്ത്യന്‍ ഹൈകമീഷനില്‍ നിന്ന് വിസയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നത്. നാളെ രാവിലെ ദുബൈയിലേക്ക് തിരിക്കുന്ന ടീം വൈകുന്നേരമാണ് ഇന്ത്യയിൽ ഇറങ്ങുക. ഒക്ടോബര്‍ അഞ്ചിനാണ് ലോക കപ്പ് ആരംഭിക്കുന്നത്. അതിനു മുന്നോടിയായി ടീമുകള്‍ സന്നാഹ മത്സരങ്ങള്‍ കളിക്കും. ആദ്യ പരിശീലന മത്സരത്തിൽ വെള്ളിയാഴ്ച പാകിസ്താൻ ന്യൂസീലൻഡിനെ നേരിടും. നേരത്തേ ദുബായിൽ രണ്ട് ദിവസം ചെലവഴിച്ച ശേഷം ഇന്ത്യയിലേക്ക് പറക്കാനാണ് പാകിസ്താൻ തീരുമാനിച്ചത്. എന്നാൽ വിസ വൈകിയതോടെ ഈ തീരുമാനം മാറ്റുകയായിരുന്നു.