കളമശ്ശേരി സ്ഫോടനം; 10 ദിവസം മാർട്ടിനെ കസ്റ്റഡിയിൽ വിട്ടു

  • IndiaGlitz, [Monday,November 06 2023]

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണം എന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുക്കണം എന്നും പോലീസ് കോടതിയിൽ വിശദമാക്കി. സ്ഫോടക വസ്തുക്കൾ വാങ്ങാനുള്ള പണം മാർട്ടിന് എവിടെ നിന്നു ലഭിച്ചു തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയണമെന്നും പോലീസ് വിശദീകരിച്ചു.

തെളിവെടുപ്പിൽ മാർട്ടിനെ മൂന്നുപേർ തിരിച്ചറിഞ്ഞിട്ടുണ്ട്. തനിക്ക് അഭിഭാഷകൻ വേണ്ടെന്ന് പ്രതി കോടതിയിൽ ആവർത്തിച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും എആർ ക്യാംപിലെത്തിച്ചു മാർട്ടിനെ വിശദമായി ചോദ്യം ചെയ്യും. കേസ് സ്വയം വാദിച്ചു കൊള്ളാമെന്നാണ് മാർട്ടിൻ പറയുന്നത്. പോലീസിനെതിരെ പരാതികളൊന്നുമില്ലെന്നും പോലീസുകാരുടെ പെരുമാറ്റം നല്ലതായിരുന്നുവെന്നും നന്ദിയറിയിക്കുന്നു എന്നുമാണ് ഡൊമിനിക് മാർട്ടിൻ കോടതിയിൽ പറഞ്ഞത്. പത്തു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. അത് കോടതി അംഗീകരിക്കുകയും ചെയ്തു.