മലൈകോട്ടൈ വാലിബൻ: ഡിഎന്‍എഫ്ടി മോഹൻലാൽ റിലീസ് ചെയ്തു

  • IndiaGlitz, [Monday,November 06 2023]

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ്റെ ഡിഎൻഎഫ്ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) ശ്രീ മോഹൻലാൽ റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, മോഹൻലാൽ ഇവരെ കൂടാതെ നിർമ്മാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, യുകെ ആസ്ഥാനമായ ജിപിഎല്‍ മൂവീസ് ഉടമ സുഭാഷ് മാനുവൽ, രാജേഷ് കൃഷ്ണ എന്നിവരും പങ്കെടുത്തു.

ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡിഎന്‍എഫ്ടി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജിപിഎല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി. നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബൻ്റെ ചിത്രീകരണം നടന്നത്. 2024 ജനുവരി 25 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ക്യാമറ: മധു നീലകണ്ഠന്‍, സംഗീതം: പ്രശാന്ത് പിള്ള, എഡിറ്റിംഗ്: ദീപു ജോസഫ്.