'മാമന്നൻ' ലോഞ്ചിംഗ് ജൂൺ 1ന്

  • IndiaGlitz, [Wednesday,May 31 2023]

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'മാമന്നൻ'ൻ്റെ ലോഞ്ചിംഗ് പരിപാടി ജൂൺ 1ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. കമൽഹാസൻ നായകനായ വിക്രം എന്ന ചിത്രത്തിന് പിന്നാലെ ഫഹദ് ഫാസിൽ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് മാമന്നൻ. ജൂണിൽ സിനിമ തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ട്. ഈ പരിപാടിയിൽ പടത്തിൻ്റെ ട്രെയിലറും റിലീസിംഗ് തീയതിയും പ്രഖ്യാപിക്കും. ഒപ്പം തന്നെ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ എആർ റഹ്മാൻ്റെ ലൈവ് മ്യൂസിക് ഷോയും ഉണ്ടാകും.

ചിത്രത്തിൻ്റെ സംവിധായകൻ മാരി സെൽവരാജ് തന്നെയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. ഉദയനിധിയുടെ നിർമ്മാണ കമ്പനി റെഡ് ജയ്ന്റ് മൂവീസ് ആണ് നിർമ്മാണം. തേനി ഈശ്വർ ആണ് ഛായാഗ്രഹണം. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ. വാളേന്തിയിരിക്കുന്ന ഉദയനിധി സ്റ്റലിനൊപ്പം കലിപ്പ് മോഡിലുള്ള വടിവേലുവും ചേർന്ന് നില്‍ക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നേരത്തെ വന്‍ ശ്രദ്ധ നേടിയിരുന്നു.