ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം: ലോകായുക്ത നാളെ വിധി പറയും

  • IndiaGlitz, [Thursday,March 30 2023]

ദുരിതാശ്വാസ നിധി ഫണ്ട് ദുർവിനിയോഗം ചെയ്ത കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയില്‍ ലോകായുക്ത നാളെ വിധി പറയും. ദുരിതാശ്വാസ നിധി കേസില്‍ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെ തുടർന്ന് ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കെ.ടി.ജലീലിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയൻ്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണൻ്റെ അകമ്പടി വാഹനാപകടത്തില്‍പ്പെട്ട് മരിച്ച പൊലീസികാരൻ്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം നല്‍കിയതിന് എതിരെയാണ് കേസെടുത്തത്. പണം അനുവദിക്കുന്നതിൽ മന്ത്രിസഭക്ക് അധികാരമുണ്ടെന്നാണ് സർക്കാർ വാദിച്ചത്. വിധി മുന്നില്‍ കണ്ട് ലോകായുക്ത നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന ബില്‍ നിയമസഭയില്‍ പാസാക്കി. എന്നാല്‍ ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടിരുന്നില്ല.