ഔദ്യോഗിക ബഹുമതി വേണ്ട; ഉമ്മൻ ചാണ്ടിയുടെ കുടുംബം കത്തുനല്‍കി

  • IndiaGlitz, [Wednesday,July 19 2023]

ഔദ്യോഗിക ബഹുമതി വേണ്ടെന്ന ആഗ്രഹം ഉമ്മൻ ചാണ്ടി പ്രകടിപ്പിച്ചതായി അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞു. മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഉമ്മൻ ചാണ്ടിയുടെ ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിച്ചു. എന്നാൽ ഉമ്മൻ ചാണ്ടിക്ക് പൂർണ ബഹുമതി നൽകണമെന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ അഭിപ്രായപ്പെട്ടത്.

ഉമ്മൻ ചാണ്ടി കേരളത്തിന് നൽകിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തിൽ സ്മരിക്കുന്നതായും മന്ത്രിസഭാ യോഗം അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതിയോടെ നടത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി സർക്കാർ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മരണത്തിലും സാധാരണക്കാരൻ ആകാൻ ആഗ്രഹിച്ചയാളാണ് അപ്പ. അതുകൊണ്ടാണ് സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ വേണ്ട എന്ന് പറഞ്ഞതെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ജനങ്ങൾ നൽകുന്ന യാത്രാമൊഴിയാണ് അപ്പയ്ക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് മകൾ അച്ചു ഉമ്മനും പ്രതികരിച്ചു.