നിരവധി റെക്കോർഡുകൾ തകർത്ത് ഡബിൾ സെഞ്ച്വറി നേടി ശുഭ്മാൻ ഗിൽ

ഹൈദരാബാദിൽ ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഡബിള്‍ സെഞ്ച്വറി നേട്ടവുമായി ശുഭ്മാന്‍ ഗില്‍. ഇഷാൻ കിഷൻെറയും സച്ചിൻ ടെണ്ടുൽക്കറുടെയും റെക്കോർഡുകൾ മറികടന്ന് ഇന്ത്യൻ ക്രിക്കറ്റിൽ തൻെറ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍. ലോക്കി ഫെർഗൂസൻ എറിഞ്ഞ 49ാം ഓവറിലെ ആദ്യ മൂന്ന് പന്തുകൾ അതിർത്തിക്കപ്പുറത്തേക്ക് പറത്തികൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ച്വറി ഗിൽ നേടുകയായിരുന്നു. ഇന്ത്യക്കായി ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ക്രിക്കറ്ററാണ് ഗിൽ. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ, ഇഷാൻ കിഷൻ എന്നിവർക്ക് ശേഷം ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ക്രിക്കറ്ററാണ് ഗില്‍. 145 പന്തില്‍ ഡബിള്‍ തികച്ച ഗില്‍ 149 പന്തില്‍ 208 റണ്‍സെടുത്താണ് പുറത്തായത്. 9 സിക്‌സറും 19 ബൗണ്ടറിയും താരം നേടി.

ഡബിള്‍ സെഞ്ച്വറി നേട്ടത്തോടെ തിളങ്ങിയ താരം 1000 ഏകദിന റണ്‍സ് എന്ന വലിയ നേട്ടവും സ്വന്തമാക്കി. കേവലം 19 ഇന്നിംഗ്സുകളില്‍ നാഴികക്കല്ല് സ്വന്തമാക്കിയ അദ്ദേഹം ഈ നേട്ടം അതിവേഗം കൈവരിക്കുന്ന ഇന്ത്യക്കാരനായി. വിരാട് കോഹ്ലിയുടെയും ശിഖര്‍ ധവാൻ്റെയും ദീര്‍ഘകാല റെക്കോര്‍ഡാണ് ഗില്‍ ഇതോടെ തകര്‍ത്തത്. ഈ നാഴികക്കല്ല് കൈവരിക്കാന്‍ ഇരുവരും 24 ഇന്നിംഗ്സുകളാണ് എടുത്തത്. എംഎസ് ധോണിയുടെ ദീര്‍ഘകാല റെക്കോര്‍ഡ് തകര്‍ത്ത് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യന്‍ താരമായി രോഹിത് മാറി. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, എംഎസ് ധോണിയുടെ ദീര്‍ഘകാല റെക്കോര്‍ഡ് ആണ് തകര്‍ത്തത്. ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ക്രിക്കറ്റർ എന്ന റെക്കോർഡും ഇതിലൂടെ അദ്ദേഹം സ്വന്തമാക്കി.