ഡോ. വന്ദനദാസിൻ്റെ മാതാപിതാക്കളെ സന്ദർശിച്ച് സുരേഷ് ഗോപി

  • IndiaGlitz, [Monday,May 15 2023]

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിൻ്റെ മാതാപിതാക്കളെ നടനും മുൻ എംപിയുമായ സുരേഷ് ഗോപി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് വന്ദനയുടെ കുടുംബം അറിയിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഡോ.വന്ദനയുടെ മരണം ഒരുവിധത്തിലും ന്യായീകരിക്കാവുന്നതല്ല. മനുഷ്യൻ്റെ മനോഘടനയെ മാറ്റുന്ന ഉല്‍പന്നങ്ങള്‍ക്കെതിരെ സമൂഹം കവചം ഒരുക്കണം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു മണിക്കൂറിലധികം സമയം സുരേഷ് ഗോപി വന്ദനയുടെ അച്ഛനും അമ്മയ്ക്കും ഒപ്പം ചെലവഴിച്ചു. അവര്‍ക്ക് ചില അങ്കലാപ്പുകളുണ്ട്. അദ്ദേഹത്തോട് അവര്‍ അത് പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹവുമായി സംസാരിക്കണം എന്നാണ് അവര്‍ പറയുന്നത്. ഞാനതിന് ശ്രമിക്കുന്നതാണ്. അതിനപ്പുറം ഒന്നും പറയാനില്ല എന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. അച്ഛൻ മോഹൻദാസിനോട് മകളെക്കുറിച്ചു ചോദിച്ചറിഞ്ഞ സുരേഷ് ഗോപി അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു. സുരേഷ് ഗോപിയ്ക്കൊപ്പം മകനും നടനുമായ മാധവ്, റബർ ബോർഡ് മെമ്പറും ബിജെപി നേതാവുമായ എൻ ഹരി, ബിജു പുളിക്കക്കണ്ടം എന്നിവരും ഉണ്ടായിരുന്നു.