സണ്ണി ഡിയോളിൻ്റെ വീട് ജപ്തി; നടപടിയിൽ നിന്നും ബാങ്ക് പിന്മാറി

  • IndiaGlitz, [Monday,August 21 2023]

ബോളിവുഡ് നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിൻ്റെ ബംഗ്ലാവിൻ്റെ ലേലം നടപടിയില്‍ നിന്ന് ബാങ്ക് പിന്‍മാറിയതിനെ ചൊല്ലി വിവാദം. മുംബൈയിലെ ജുഹുവിലുള്ള ബംഗ്ലാവിൻ്റെ ലേലം നടപടികളില്‍ ബാങ്ക് ഓഫ് ബറോഡ പിന്‍മാറിയതിനെതിരെ കോണ്‍ഗ്രസ് ആണ് രംഗത്തെത്തിയത്. സാങ്കേതിക കാരണങ്ങളാലാണ് ലേലം നടപടിയില്‍ നിന്ന് പിന്‍മാറ്റമെന്നായിരുന്നു ബാങ്കിൻ്റെ വിശദീകരണം.

സണ്ണിക്ക് നല്‍കിയിരിക്കുന്ന 56 കോടി രൂപയുടെ വായ്പ തിരിച്ചു പിടിക്കുന്നതിന് വേണ്ടിയാണ് ഈ വീട് ലേലത്തിന് വെച്ചിരുന്നത്. ലേലം നോട്ടീസ് നല്‍കി 24 മണിക്കൂറിനകം സാങ്കേതിക കാരണം പറഞ്ഞ് പിന്‍വലിച്ച നടപടി അത്ഭുതപ്പെടുത്തുന്നത് ആണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. നടന് ബാങ്ക് കടം നൽകിയ 55.99 കോടി രൂപ കഴിഞ്ഞ വർഷം ഡിസംബർ 26 മുതലുള്ള പലിശയും ചെലവും സഹിതം തിരിച്ചു പിടിക്കാനായി ഗാന്ധി ഗ്രാം റോഡിൽ സ്ഥിതി ചെയ്യുന്ന സണ്ണി വില്ല ബാങ്ക് ലേലം ചെയ്യും എന്ന് പത്രത്തിൽ നൽകിയ നോട്ടീസിൽ പറയുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സണ്ണി ഡിയോളിൻ്റെ ബംഗ്ലാവ് ഇ-ലേലം ചെയ്യുന്നതിനുള്ള നോട്ടീസ് ബാങ്ക് ഓഫ് ബറോഡ ഇന്ന് പിൻവലിക്കുകയായിരുന്നു.