ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിന് നാളെ (ജൂൺ 7) തുടക്കം. ഇംഗ്ലണ്ടിലെ ഓവലിൽ ഉച്ചയ്ക്ക് മൂന്ന് മണി മുതലാണ് മത്സരം. ടെലിവിഷനില്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലും മത്സരം തത്മസയം കാണാനാകും ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. വമ്പന്‍ താരങ്ങളാൽ സമ്പന്നമാണ് ഇരുടീമുകളും.

രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ത്യയുടെ കരുത്ത് ബാറ്റിംഗാണ്. രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുന്നത് ഉഗ്രൻ ഫോമിലുള്ള യുവാതാരം ശുഭ്മാൻ ഗിൽ. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിൻക്യ രഹാനെ എന്നിര്‍ കൂടി ചേരുന്ന ബാറ്റിംഗ് നിര. ഓസ്ട്രേലിയൻ പേസ് ബൗളിങ് നിരയെ എങ്ങനെ നേരിടും എന്നതാണ് ഇന്ത്യയുടെ പ്രധാന തലവേദന. അന്തിമ ഇലവനെ മത്സരത്തിന് തൊട്ടുമുൻപ് മാത്രമേ ഇന്ത്യ പ്രഖ്യാപിക്കൂ. ഇന്ത്യൻ ടീമിലെ 15 കളിക്കാരിൽ 13 പേരും ഏപ്രിൽ, മെയ്‌ മാസത്തിൽ നടന്ന ഐപിഎല്ലിൽ സജീവമായിരുന്നു. മറുവശത്ത്‌, ഓസീസ്‌ ടീമിലെ രണ്ട്‌ കളിക്കാർ മാത്രമാണ്‌ ഐപിഎൽ കളിച്ചത്‌. ഈ സാഹചര്യത്തിൽ കൂടുതൽ മത്സരങ്ങൾ കളിച്ചത്‌ തളർച്ചയാകുമോ എന്ന ആശങ്ക ഇന്ത്യൻ ടീമിനെ അലട്ടുമ്പോൾ ഓസീസിൻ്റെ ചിന്ത വേണ്ടത്ര മത്സര പരിചയം കിട്ടാത്തത്‌ തങ്ങൾക്ക് തിരിച്ചടി ആയേക്കുമോ എന്നാണ്.