അനുരാഗമധുചഷകം പോലെ ഗാനം വീണ്ടും പ്രേക്ഷകരിലേക്ക്

  • IndiaGlitz, [Wednesday,January 18 2023]

ആ അനശ്വരഗാനം ചിത്രയുടെ ശബ്ദത്തില്‍ നീലവെളിച്ചത്തിലെ ആദ്യഗാനം പുറത്തിറങ്ങി. 59 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആ അനശ്വരഗാനം പ്രേക്ഷകരിലേക്കെത്തുകയാണ്. മലയാളത്തിൻ്റെ പ്രിയ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഭാര്‍ഗവീനിലയം തിരക്കഥയെ പുനരാവിഷ്‌ക്കരിക്കുന്ന നീലവെളിച്ചം സിനിമയിലെ ആദ്യ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. എം.എസ് ബാബുരാജ് ഈണം പകര്‍ന്ന് പി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍ വരികളെഴുതിയ ''അനുരാഗമധുചഷകം'' എന്ന ഗാനത്തിൻ്റെ പുതിയ രൂപമാണ് പുറത്തിറക്കിയത്. എസ്. ജാനകി ആലപിച്ച ആദ്യ ഗാനത്തിൻ്റെ പുതിയ രൂപം കെ.എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്.

മലയാളത്തിലെ പ്രിയ അഭിനേയത്രിമാരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങള്‍ പുനരാവിഷ്‌ക്കരിച്ചിരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.1964-ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. മലയാളത്തിൻ്റെ പ്രിയതാരം കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവി നിലയം. ഭാര്‍ഗവീനിലയത്തിലെ കുതിരവട്ടം പപ്പുവിൻ്റെ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്. ഒ.പി.എം സിനിമാസിൻ്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്.