ഹെലികോപ്റ്റർ അപകടം: യുക്രൈൻ ആഭ്യന്തര മന്ത്രിയുൾപ്പെടെ 18 പേർ മരിച്ചു

  • IndiaGlitz, [Wednesday,January 18 2023]

ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് യുക്രൈന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്ട്രിസ്‌കി ഉൾപ്പെടെ 18 പേർ മരണപ്പെട്ടു. മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. യുക്രൈനിൻ്റെ തലസ്ഥാനമായ കീവിനു സമീപമാണ് സംഭവം. അപകടത്തിൽ പെട്ട ഹെലികോപ്റ്റർ കിൻഡർ ഗാർഡൻ സ്കൂളിൻ്റെ സമീപത്തേക്ക് വന്ന് പതിക്കുകയായിരുന്നു. ഇതെ തുടർന്നാണ് അപകടത്തിൽ കുട്ടികൾ മരിക്കാൻ ഇടയായത്. അപകടത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 15 കുട്ടികളുമുണ്ട്. അപകടത്തെ തുടർന്ന് സ്കൂളിലെ മറ്റ് വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും പോലീസെത്തി സംഭവസ്ഥലത്ത് നിന്നും മാറ്റി. യുക്രൈന്‍ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്ട്രിസ്‌കിയോടൊപ്പം ആഭ്യന്തരമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും അപകടത്തില്‍ മരിച്ചുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ഹെലികോപ്റ്റർ തകരാൻ ഇടയാക്കിയ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ഹെലികോപ്റ്റർ യുദ്ധമേഖലയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് അപകടത്തിൽ പെട്ട് താഴേക്ക് പതിച്ചതെന്ന് യുക്രൈൻ പ്രസിഡന്റിൻ്റെ ഓഫീസ് വ്യക്തമാക്കിയിരുന്നു. അപകടത്തെ കുറിച്ച് റഷ്യയുടെ പ്രതികരണവും പുറത്തുവന്നിട്ടില്ല. ഇതിന് പുറമെ സംഭവം നടക്കുമ്പോൾ റഷ്യൻ ആക്രമണം ഉണ്ടായിരുന്നതിൻ്റെ സ്ഥിരീകരണവും യുക്രൈനിയൻ അധികൃതർ പങ്കുവയ്ക്കാത്ത സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമാവും അപകട കാരണം വ്യക്തമാവുകയുള്ളൂ എന്ന് യുക്രൈൻ പ്രസിഡൻഷ്യൽ ഓഫീസിൻ്റെ ഡെപ്യൂട്ടി ഹെഡ് കിറിലോ ടിമോഷെങ്കോ ടെലിഗ്രാമിൽ കുറിച്ചു. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുടെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട അംഗമായിരുന്നു മൊണാസ്റ്റിർസ്കി. 2022 ഫെബ്രുവരിയിൽ തുടങ്ങിയ റഷ്യൻ അധിനിവേശത്തിൽ പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം.